കണ്ണൂരിന്റെ ചെങ്കോട്ട തകർത്ത് വിജയമുറപ്പിച്ച് കെ.സുധാകരൻ. ജില്ലയിൽ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചത് മുതൽ കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന മണ്ഡലമാണ് കണ്ണൂർ. എന്നാൽ വോട്ടെണ്ണിത്തുടങ്ങിയ ആദ്യ ഘട്ടത്തിലെ ലീഡൊഴിച്ചാൽ കണ്ണൂരിൽ സുധാകരൻ കുതിച്ചുയരുകയായിരുന്നു. ആദ്യ റൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലത്തിലടക്കം ലീഡ് നേടിയാണ് സുധാകരൻ കുതിച്ചത്.
ഇടതുകോട്ടയായ ധർമ്മടത്തെ ലീഡ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണ്. സുധാകരന് വെല്ലുവിളിയുയർത്താൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് എം.വി ജയരാജന് സാധിച്ചില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. 90,000-ൽപ്പരം വോട്ടുകളുടെ ലീഡാണ് നിലവിൽ കെ. സുധാകരനുള്ളത്. എം.വി ജയരാജന് ഇടതുമുന്നണി പ്രതീക്ഷിച്ച തരത്തിലുള്ള മുന്നേറ്റം കാഴ്‌ചവെക്കാനായില്ല. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് സുധാകരൻ മുന്നോട്ട് കുതിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ലീഡെടുത്തതൊഴിച്ചാൽ പിന്നീട് ഒരു ഘട്ടത്തിലും എം.വി ജയരാജന് സുധാകരനെ മറികടക്കാനായില്ല. ഓരോ റൗണ്ട് കഴിയുമ്പോഴും സുധാകരൻ ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഇടതുകോട്ടകളിലടക്കം മുന്നേറ്റം നടത്തിയ കെ. സുധാകരൻ ജയത്തിലേക്ക് നീങ്ങുകയാണ്. ജില്ലാ സെക്രട്ടറിയെ കളത്തിലിറക്കി മണ്ഡലം തിരിച്ചിപിടിക്കാനൊരുങ്ങിയ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഈ ലീഡ്.