ഉത്തര കൊറിയയിൽ ഔദ്യോഗികമായി ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത് അടുത്തിടെയാണ്. അതിനും മാസങ്ങൾക്കു മുൻപെ, കൊവിഡ് നിയന്ത്രണത്തിനായി ഉത്തര കൊറിയ ചൈനയുടെ സഹായം തേടിയതായി സ്ഥിരീകരണം. ചൈന പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെ 1.60 കോടി മാസ്ക്കുകളും ആയിരത്തോളം വെന്റിലേറ്ററുകളുമാണ് ചൈനയിൽ നിന്ന് ഉത്തര കൊറിയ ഇറക്കുമതി ചെയ്തത്.
വാക്സിൻ നൽകാമെന്ന ചൈനയുടെ വാഗ്ദാനം ഉത്തര കൊറിയ നിഷേധിച്ച വാർത്തകൾ തെറ്റെന്ന് തെളിയിക്കുന്നതാണ് ചൈന പുറത്തുവിട്ട കണക്കുകൾ. രണ്ടരക്കോടി രൂപയുടെ വാക്സിൻ ഇതുവരെ ഉത്തര കൊറിയ വാങ്ങിയെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. 95,000 തെർമോമീറ്ററുകളും ചൈന ഉത്തര കൊറിയക്ക് നൽകി.
2020 ജനുവരിയിൽ കോവിഡ് തുടങ്ങുമ്പോൾ അതിർത്തികൾ അടച്ച് കൊവിഡ് ബാധയെ നിയന്ത്രിച്ചുവെന്നായിരുന്നു ഉത്തര കൊറിയയുടെ അവകാശവാദം. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിൽ ഉൾപ്പെടെ ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു. ഏപ്രിൽ അവസാനത്തോടെ 3 ലക്ഷത്തിലധികം ആളുകൾ ഒരു പ്രത്യേക തരം പനി ബാധിച്ച് ചികിത്സയിൽ ആണെന്ന് ബാധിച്ചിരിക്കുന്നതായി ഉത്തര കൊറിയ വെളിപ്പെടുത്തി. പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് തലസ്ഥാനമായ പ്യോങ്യാങ്ങിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായി പുറത്തുവിട്ടത്.
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മാസ്ക് ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.