കെ കെ രമ എം എൽ എക്കെതിരെ എം എം മണി നിയമസഭയിൽ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. ഒരു മഹതി വിധവയായിപ്പോയത് അവരുടെ വിധിയെന്നും ഞങ്ങളാരും ഉത്തരവാദിയല്ലെന്നുമായിരുന്നു എം എം മണിയുടെ പരാമർശം. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.
എം എം മണിയുടെ പരാമർശത്തിൽ നിയമസഭ ഇന്നലെയും ഇന്നും പ്രക്ഷുബ്ധമായി. പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിനെ തുടർന്ന് സഭ നിർത്തിവെച്ചു.
എന്നാൽ നിയമസഭയിൽ കെ കെ രമക്കെതിരെ നടത്തിയ പരാമർശത്തെ ന്യായീകരിക്കുകയാണ് എം എം മണി. ഒരു നാക്കുപിഴയുമില്ലെന്നും പറഞ്ഞത് മുഴുവനാക്കാൻ സമ്മതിച്ചിരുന്നുവെങ്കിൽ
ഈ പ്രശ്നം ഉണ്ടാവുമായിരുന്നില്ലെന്നും എം എം മണി പറഞ്ഞു. ‘അവരുടെ വിധി ആണെന്നാണ് താൻ പറഞ്ഞത്. മാപ്പ് പറയാൻ മാത്രമൊന്നും പറഞ്ഞിട്ടില്ല. ‘ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ പറഞ്ഞാൽ പരാമർശം പിൻവലിക്കാമെന്നും രമ മുഖ്യമന്ത്രിയെ അങ്ങേയറ്റം അധിക്ഷേപിച്ചിട്ടാണ് താൻ അത്തരത്തിൽ പ്രതികരണം നടത്തിയതെന്നും എം എം മണി പ്രതികരിച്ചു.
ടിപി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവയായി വിധിച്ചതും ആരാണെന്ന് കേരളത്തിനറിയാമെന്നായിരുന്നു കെ കെ രമ എം എൽ എയുടെ പ്രതികരണം.
പരാമര്‍ശം തിരുത്താന്‍ തയാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് മനുഷ്യത്വത്തിന്റെ നേരിയ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ തന്നെ ഇനിയും കുത്തിനോവിക്കാന്‍ എം എം മണി മുതിരില്ലായിരുന്നുവെന്ന് കെ കെ രമ പ്രതികരിച്ചു. ‘ഒരു സ്ത്രീയ്ക്കും കേട്ടിരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.’ ഒരു സ്ത്രീയ്ക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാര്‍ക്സ്റ്റിസ്റ്റ് വീക്ഷണമാണോയെന്നും കെ കെ രമ ചോദിച്ചു.
സംഭവത്തിൽ എം എം മണിക്കെതിരെ സി പി ഐ ദേശീയ നേതാവ് ആനി രാജ രംഗത്തെത്തി. എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമെന്നും എം എം മണിയെ നിയന്ത്രിക്കണമോ എന്ന് സിപിഐഎം തീരുമാനിക്കണമെന്നും എം എം മണി പ്രസ്താവന പിൻവലിച്ചാൽ അത് കമ്മ്യൂണിസ്റ്റ് നടപടിയാണെന്നുമാണ് ആനി രാജ പ്രതികരിച്ചു. എന്നാൽ എ വിജയരാഘവനും കോടിയേരി ബാലകൃഷ്ണനും എം എം മണിയെ പിന്തുണച്ച് രംഗത്ത് വന്നു.
കെ കെ രമക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിൽ എം എം മണി മാപ്പ് പറയണമെന്ന ആവശ്യം ഇന്നും പ്രതിപക്ഷം ആവര്‍ത്തിച്ചു. ചോദ്യോത്തര വേളയിൽ തന്നെ പ്രതിഷേധം ശക്തമാക്കുകയും
എം എം മണി മാപ്പുപറയുക എന്ന ആവശ്യമുയര്‍ത്തി സഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. കെ കെ രമയുടെ വിധി നടപ്പാക്കിയത് സിപിഐഎം പാര്‍ട്ടി കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. കൊന്നിട്ടും സി പി ഐnഎമ്മിന് ടി പി ചന്ദ്രശേഖരനോടുള്ള പക തീരുന്നില്ലെന്നും സര്‍ക്കാര്‍ രമയുടെ പിന്നാലെ നടന്ന് വേട്ടയാടുകയാണെന്നും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. ടി പിയുടെ രക്തക്കറ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ കൈകളിലുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.