കാസർകോട് ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സുഹൃത്ത് പോലീസിൽ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34) ആണ് മരിച്ചത്. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കർ (34) ആണ് കൊലനടത്തിയ ശേഷം ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങിയത്.
കാസർകോട് ‘മൈൻ’ ബ്യൂട്ടിപാർലർ നടത്തുന്ന ദേവികയും സെക്യൂരിറ്റി ഏജൻസി നടത്തുന്ന സതീഷും ഒൻപത് വർഷത്തോളമായി സുഹൃത്തുക്കളാണ്. ഒന്നര മാസത്തോളമായി ലോഡ്ജിൽ താമസിച്ചുവരികയായിരുന്ന സതീഷ് ചൊവ്വാഴ്ച രാവിലെ പുറത്തേക്കുപോവുകയും 11 മണിയോടെ ദേവികയുമായെത്തുകയുമായിരുന്നു. ഭാര്യയും മക്കളുമുള്ള സതീഷ് ദേവിക തന്റെ ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞിരുന്നത്.
തുടർന്ന് ഉച്ചയ്ക്ക് 2.45-ഓടെ സതീഷ് പുറത്തേക്ക് പോവുകയും മൂന്ന് മണിയോടെ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി കീഴടങ്ങുകയുമായിരുന്നു. ദേവിക തന്നെ ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് കൊല നടത്തിയതെന്ന് പറഞ്ഞ ശേഷം ലോഡ്ജ് മുറിയുടെ താക്കോൽ പൊലീസിന് കൈമാറി. തുടർന്ന് ഇൻസ്പെക്ടർ കെ.പി.ഷൈനും പോലീസുകാരും എത്തിയപ്പോഴാണ് ദേവികയെ രക്തം വാർന്നൊഴുകിയ
നിലയിൽ കണ്ടത്.
സബ് കളക്ടർ സുഫിയാൻ അഹമ്മദ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ, ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും ഡോഗ് സ്ക്വാഡുമെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ഉദുമ കുണ്ടോളംപാറയിലെ പരേതനായ ബാലകൃഷ്ണന്റെയും പ്രേമയുടെയും മകളാണ് ദേവിക. ദേവികക്ക് ഭർത്താവും മക്കളുമുണ്ട്.