ശബരിമല തീര്‍ത്ഥാടന സമയങ്ങളിൽ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആര് അനില്‍. കോട്ടയത്ത് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സന്നിധാനത്തും പമ്പയിലും പരിസരത്തുമായി സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാനാണ് നടപടി. കോട്ടയം കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ സാധനങ്ങളുടെ വില മുന്‍കൂട്ടി നിശ്ചയിക്കും. ഇത് അഞ്ച് ഭാഷകളില്‍ പ്രദർശിപ്പിക്കുകയും ചെയ്യും. കൂടാതെ വില വിവരപ്പട്ടികയ്ക്കൊപ്പം ആ പ്രദേശത്ത് ചുമതലയുള്ളതോ സ്ക്വാഡില്‍ ഉള്ളതോ ആയ ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍നമ്പരും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തിൽ പറയുന്നു.
അതേസമയം പഴകിയ ഭക്ഷണമോ സാധനങ്ങളോ വില്പനയ്ക്ക് എത്തിച്ചാൽ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രത്യേക സ്ക്വാഡും പ്രവര്‍ത്തിക്കും. എന്നാൽ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ വര്‍ധനവ് വേണമെന്ന് ഹോട്ടല്‍ ഉടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഈ മാസം 30ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.