വയനാട്ടിൽ റോഡിൽ വെച്ച് കാട്ടാനയുടെ മുന്നിൽപെട്ട കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുൽപ്പള്ളി-മാനന്തവാടി റോഡിൽ വെച്ചായിരുന്നു സംഭവം. കാട്ടിൽ നിന്നും ഇറങ്ങിവന്ന് റോഡിലൂടെ നടന്നുനീങ്ങിയ ആനയ്ക്ക് മുന്നിലേയ്ക്കാണ് കാർ എത്തിയത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ കുറിച്ചിപ്പറ്റയിൽ വെച്ചാണ് കാർ യാത്രക്കാർ ആനയുടെ മുന്നിലകപ്പെട്ടത്. തെരുവ് നായ്ക്കൾ കുരച്ചുകൊണ്ട് ആനയുടെ പിറകെ ഓടുകയും ചെയ്യുന്നുണ്ടായിരുന്നു. ആനയെ കണ്ടതോടെ പരിഭ്രാന്തനായ ഡ്രൈവർ റോഡിൻ്റെ വശത്തേയ്ക്ക് കാർ ഒതുക്കി നിർത്തി. എന്നാൽ നടന്നുപോകുന്നതിനിടെ ആന കാറിനുനേരെ തിരിഞ്ഞു. ഈ സമയം മറ്റൊരു വാഹനത്തിലുണ്ടായിരുന്നവർ ഈ ദൃശ്യങ്ങൾ കാണുന്നുണ്ടായിരുന്നു.
ഇവർ ശബ്ദമുണ്ടാക്കിയതോടെ ആന പിന്തിരിഞ്ഞതിനാലാണ് വലിയ ദുരന്തമൊഴിവായത്. പലതവണ ആന കാറിനുനേരെ പാഞ്ഞടുക്കാൻ ശ്രമിച്ചപ്പോഴും ആളുകൾ ശബ്ദമുണ്ടാക്കിയതോടെ ആന പിന്തിരിയുകയായിരുന്നു. വനമേഖലയിലൂടെയുള്ള റോഡായതിനാൽ ഈ ഭാഗത്ത് പതിവായി കാട്ടാനയെ കാണാറുണ്ട്. അതുകൊണ്ടുതന്നെ ഇതുവഴി വരുന്ന യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്.