വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ വോട്ട് രേഖപ്പെടുത്തേണ്ടവരുടെ നീണ്ട നിരയാണ് പോളിങ് സ്റ്റേഷനുകളിൽ കാണാൻ സാധിക്കുന്നത്. 23-നാണ് വോട്ടെണ്ണൽ നടക്കുക.
രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതോടെ വയനാട് ദേശീയശ്രദ്ധയാകർഷിച്ചിട്ടുണ്ട്. 16 സ്ഥാനാർത്ഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഏഴ് മണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്.
ചേലക്കര നിയോജകമണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർത്ഥികളാണുള്ളത്. ഉപതിരഞ്ഞെടുപ്പ് ബാലറ്റിൽ ഒന്ന് മുതൽ മൂന്ന് വരെയാണ് മുന്നണി സ്ഥാനാർത്ഥികൾ. ഒന്ന് യു.ആർ. പ്രദീപ് (ചുറ്റിക അരിവാൾ നക്ഷത്രം), രണ്ട് കെ. ബാലകൃഷ്‌ണൻ (താമര), മൂന്ന് രമ്യാ ഹരിദാസ് (കൈ) എന്നിങ്ങനെയാണ് മുന്നണി സ്ഥാനാർത്ഥികളുടെ ചിഹ്നം. ബാക്കിയുള്ളവർ സ്വതന്ത്രസ്ഥാനാർത്ഥികളാണ്.