കേരളത്തിൻ്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ് തീരത്തെത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസിന്റെ സാൻ ഫെർണാൺഡോയെന്ന കപ്പലിനെ സ്വീകരിച്ചത്. കണ്ടെയ്‌നറുകളുമായാണ് കപ്പലെത്തിയത്. നാളെ രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.
രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌ഷിപ്‌മെൻ്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാർത്ഥ്യമാകുന്നത്. പൂർണതോതിൽ ചരക്കുനീക്കം നടക്കുന്ന തരത്തിലുള്ള ട്രയൽ റണ്ണാണ് ഇന്ന് തുടങ്ങുന്നത്. ചൈനയിൽ നിന്നെത്തിക്കുന്ന കണ്ടെയ്‌നറുകൾ അടുത്ത ദിവസങ്ങളിൽ തുറമുഖത്തെത്തുന്ന കപ്പലുകളിൽ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർ വരെ തുടർച്ചയായി ചരക്കുകപ്പലുകൾ എത്തും. മൂന്ന് മാസത്തിനുള്ളിൽ തുറമുഖത്തിൻ്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.
സിയാമെൻ തുറമുഖത്തു നിന്ന് പുറപ്പെട്ട് എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്‌കിൻ്റെ ഈ കപ്പലിന് ഒൻപത് വർഷം പഴക്കമുണ്ട്. മാർഷൽ ദ്വീപ് പതാകയേന്തിയ കപ്പൽ ജൂലൈ 2നാണ് സിയാമെനിൽ നിന്ന് പുറപ്പെട്ടത്.