പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തത്തിനും 10 വർഷം തടവിനും ശിക്ഷിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തവും വീട്ടിൽ അതിക്രമിച്ച് കടന്നതിന് 10 വർഷം കഠിനതടവുമാണ് ശിക്ഷയായി വിധിച്ചത്. കൂടാതെ വിഷ്ണുപ്രിയയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) എ.വി മൃദുല വിധിച്ചു.
കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. 302, 449 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ 2022 ഒക്ടോബർ 22ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളാണ് ശ്യാംജിത്. ആ പരിചയം സൗഹൃദമായി മാറുകയായിരുന്നു. പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതാണ് വിരോധത്തിന് കാരണമായത്.
സംഭവദിവസം രാവിലെ അമ്മയും സഹോദരിയും സമീപത്തെ ബന്ധുവീട്ടിൽ പോയതിനാൽ വിഷ്ണുപ്രിയ തനിച്ചായിരുന്നു വീട്ടിൽ. സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ട് കട്ടിലിൽ ഇരുന്ന വിഷ്ണുപ്രിയയുടെ തലയിൽ അടിച്ചു ബോധം കെടുത്തിയ ശേഷം ശ്യാംജിത്ത് കത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചശേഷവും ദേഹത്ത് 10 മുറിവുകൾ ഉണ്ടാക്കിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. താനുമായി സംസാരിക്കുന്നതിനിടയിൽ ശ്യാംജിത് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയെന്നും ഫോൺ പെട്ടെന്ന് കട്ടായെന്നും യുവതിയുടെ സുഹൃത്തായ മലപ്പുറം സ്വദേശി പാനൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. തുടർന്ന് വൈകിട്ടുതന്നെ ശ്യാജിത്തിനെ പൊലീസ് പിടികൂടുകയും ചെയ്തു.