യുവനടിയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റിലായ നടൻ വിജയ് ബാബുവിന്റെ പ്രതികരണം ഫേസ്ബുക്കിൽ. മൗനമാണ് മികച്ച ഉത്തരം എന്നെഴുതിയ ചിത്രത്തോടൊപ്പം താരം ചില വരികളും കുറിച്ചിരിക്കുന്നു. ‘എന്ത് സംഭവിച്ചാലും പ്രകോപിക്കപ്പെടില്ല. മാധ്യമങ്ങളുടെ ഒരു പ്രകോപനവും തന്നെ ബാധിക്കില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശമനുസരിച്ച് മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കും. ഒടുവിൽ സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് വിജയ് ബാബു കുറിച്ചത്.
എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്. വിജയ് ബാബുവിനെ ഉച്ചക്ക് കൊച്ചിയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുക്കുകയും ചെയ്തു. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈകിട്ട് 6 മണിക്ക് ശേഷം വിജയ് ബാബു തിരികെപ്പോയി. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ചോദ്യംചെയ്യലിന് ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിർദേശം.