ആമസോണിൽ ഗെയിമിങ്ങിനായുള്ള എക്സ് ബോക്സ് കൺട്രോളർ ഓർഡർ ചെയ്‌ത ദമ്പതികൾക്ക് പാർസൽ ബോക്സിൽ നിന്നും മൂർഖൻ പാമ്പിനെ ലഭിച്ചെന്ന വാർത്തയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട ചില സത്യാവസ്ഥകളും തന്റെ കണക്കുകൂട്ടലുകളും തുറന്നുപറയുകയാണ് വാവ സുരേഷ്. പാമ്പ് പാഴ്സൽ സ്റ്റിക്കറിൽ ഒട്ടിപ്പിടിക്കില്ലെന്നും വീഡിയോയ്ക്ക് വേണ്ടി ആരെങ്കിലും ഇത് ചെയ്തതാകാനാണ് സാധ്യതയെന്നുമാണ് വാവ സുരേഷ് പറയുന്നത്.
“സാധനം വയ്ക്കുന്നതിന് മുൻപ് പായ്ക്കറ്റ് അലക്ഷ്യമായി സൂക്ഷിച്ചിരിക്കാം. അപ്പോൾ പാമ്പ് അകത്തേക്ക് കയറാം. എങ്കിലും ഇങ്ങനെ ഒട്ടിപ്പിടിക്കാനുള്ള സാധ്യത കുറവാണ്. വിശദമായ അന്വേഷണം നടത്തണം. അതേസമയം, ഇങ്ങനെ പാമ്പ് കയറാനുള്ള സാധ്യത കുറവാണ്. വീഡിയോയ്ക്ക് വേണ്ടി ആരെങ്കിലും ചെയ്തതാകാനാണ് കൂടുതൽ സാധ്യത. സാധാരണ സ്റ്റിക്കറാണ് വീഡിയോയിൽ കാണുന്നത്. ഇത്തരം സ്റ്റിക്കറിൽ പാമ്പ് ഇഴഞ്ഞുചെന്ന് ഒട്ടിപ്പിടിക്കില്ല. പാമ്പിനെ പായ്ക്കറ്റിൽ ടേപ്പുകൊണ്ട് ചുറ്റി ഒട്ടിച്ചിരിക്കുകയാണ്. ഡെലിവറി പായ്ക്കറ്റിലെ സ്‌റ്റിക്കർ സാധാരണനിലയിൽ പാമ്പിന്റെ ദേഹത്ത് ഒട്ടില്ല. ഇതാണ് സംശയം തോന്നാൻ കാരണം” എന്നാണ് വാവ സുരേഷ് പറഞ്ഞത്.
ബംഗളൂരുവിലെ സർജപൂർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ഓർഡർ ചെയ്ത എക്സ് ബോക്സ് കൺട്രോളറിന് പകരം മൂർഖൻ പാമ്പിനെ ലഭിച്ചത്. പാഴ്സലിലെ ടേപ്പിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന നിലയിലാണ് വീഡിയോയിൽ പാമ്പിനെ കാണാൻ സാധിക്കുന്നത്. ഇതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
Horrifying!
A family on Sarjapur Road was shocked to find a live Spectacled Cobra, a venomous snake, in their Amazon package for an Xbox controller.
Luckily, it was stuck to the packaging tape. pic.twitter.com/ZShZtbYEEV
— Sneha Mordani (@snehamordani) June 18, 2024