ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴന്നപ്പോൾ ദൃശ്യമായത് അപൂർവ കാഴ്ച. അണക്കെട്ട് നിര്‍മ്മിച്ചതോടെ വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമത്തിന്റെ അവശിഷ്ടങ്ങളാണ് ദൃശ്യമായത്. അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായാണ് മുങ്ങിയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ വെളിച്ചത്ത് വരുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 14 ശതമാനത്തില്‍ എത്തിയതോടെയാണ് മണ്മറഞ്ഞ ഗ്രാമം തെളിഞ്ഞത്. 1974ല്‍ ഇടുക്കി ഡാമിന്റെ റിസര്‍വോയറില്‍ വെള്ളം നിറച്ചപ്പോഴായിരുന്നു ഗ്രാമം വെള്ളത്തിനടിയിൽ മറഞ്ഞത്.
കുളമാവിന് സമീപമുള്ള ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നിരവധി കെട്ടിടങ്ങളും പള്ളിയും വീടുകളും ഉള്ള ഗ്രാമമായിരുന്നു വൈരമണി. ഫലഭൂയിഷ്ഠമായ നെൽവയലുകൾക്ക് പേരുകേട്ട 500 ഹെക്ടറിൽ പരന്നുകിടക്കുന്ന ഗ്രാമം. സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മന്ന, വേങ്ങാനം, കയനാട്ടുപാറ, പുരുളി, കടാവര്‍, നടയ്ക്കവയല്‍, മുത്തിക്കണ്ടം എന്നീ ഗ്രാമങ്ങളുടെ വാണിജ്യ കേന്ദ്രം കൂടിയായിരുന്നു വൈരമണി ഗ്രാമം. കുളമാവില്‍ നിന്ന് കട്ടപ്പനക്ക് പോകുന്നവരുടെ ഇടത്താവളം കൂടിയായിരുന്നു ഇവിടം. സെന്റ് തോമസ് പള്ളി പിന്നീട് സെന്റ് മേരീസ് പള്ളി എന്ന പേരില്‍ കുളമാവിലേക്കു മാറ്റിസ്ഥാപിച്ചു. മാത്രമല്ല, വൈരമണിയില്‍ അഞ്ചാംക്ലാസ് വരെയുള്ള സര്‍ക്കാര്‍ വിദ്യാലയവും ഉണ്ടായിരുന്നു. എന്നാൽ അണക്കെട്ടിന്റെ നിര്‍മാണത്തിനായി ഇവിടുത്തെ കുടുംബങ്ങളെ ചാലക്കുടി, വണ്ണപ്പുറം, മഞ്ഞപ്ര, കോരുത്തോട്, ചേലച്ചുവട് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയായിരുന്നു.
അതേസമയം ഇപ്പോൾ ജല നിരപ്പ് താഴ്ന്നതോടെ 200 ട്രക്കോളം വരുന്ന പാറകളും തിരക്കേറിയ മാർക്കറ്റിന്റെ അവശിഷ്ടങ്ങളും ഇടുക്കി അണക്കെട്ടിന്റെ റിസർവോയറിന്റെ ഭാഗമായ കുളമാവ് അണക്കെട്ടിന് സമീപം ഇപ്പോൾ ചിതറിക്കിടക്കുന്നതായി കാണാം. ഈ വർഷം മൺസൂൺ മോശമായി ആരംഭിച്ചതോടെയാണ് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് മൊത്തം ശേഷിയുടെ 14.44% ആയി കുറഞ്ഞത്. ഇതോടെ വെള്ളത്തിനടിയിൽ കിടന്നിരുന്ന നിരവധി ചെളി റാംപുകൾ ഇപ്പോൾ പ്രത്യക്ഷമാവാൻ തുടങ്ങി. വേനൽക്കാലത്ത് ജലനിരപ്പ് കുറയുമ്പോൾ ചില ഭാഗങ്ങൾ ഉയർന്നുവരാറുണ്ട്. എങ്കിലും പഴയ ഗ്രാമത്തിന്റെ ഇത്രയും അവശിഷ്ടങ്ങൾക്ക് ആദ്യമായാണ് പ്രത്യക്ഷപ്പെടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. 50 വർഷങ്ങൾക്ക് മുൻപ് മണ്മറഞ്ഞു പോയ ഒരു ഗ്രാമത്തിന്റെ ഓർമപ്പെടുത്തൽ എന്നപോലെ ഓരോ തവണ ഡാമിലെ ജലനിരപ്പ് കുറയുമ്പോഴും വൈരമണി ഗ്രാമം നാട് കാണാൻ ഇറങ്ങാറുണ്ട്.