പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഒന്‍പത് പേർക്ക് ജീവൻ നഷ്ടമായി. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ് മരിച്ചത്.പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചിട്ടുണ്ട്. മന്ത്രി എം ബി രാജേഷ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമായാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയോടെ തുടങ്ങി.
അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര കണ്ടെത്തലുകലാണ് പുറത്തുവരുന്നത്. നിയമലംഘനത്തിന് അഞ്ച് കേസുകള്‍ ബസിനെതിരെ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പ് കരിമ്പട്ടികയില്‍പ്പെടുത്തിയ ബസ് കൂടിയാണിത്.
എതിരെ വരുന്ന വാഹനങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന രീതിയില്‍ ഹോണുകളും ലൈറ്റും പിടിപ്പിച്ചതിനുള്‍പ്പെടെയാണ് ബസിനെതിരെ മുൻപ് കേസെടുത്തിട്ടുള്ളത്. ഗതാഗതനിയമ ലംഘനത്തിനടക്കം നാല് കേസുകളുണ്ട്.
മെയ്യിൽ ചാര്‍ജ് ചെയ്ത കേസുകളില്‍ പിഴ പോലും അടയ്ക്കാത്തതിനാൽ മോട്ടോര്‍ വാഹന വകുപ്പ് ബസിനെ കരിമ്പട്ടികയില്‍പ്പെടുത്തുകയായിരുന്നു. കോട്ടയം പാല സ്വദേശിയുടേതാണ് ലൂമിനസ് ബസ്.
ടൂറിസ്റ്റ് ബസിൽ എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘമാണ് ഉണ്ടായിരുന്നത്. 37 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും 2 ബസ് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.