കല്ലമ്പലം ചാത്തമ്പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് നിലവിൽ
കേസെടുത്തിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ
വ്യക്തമാവുകയുള്ളൂവെന്നും റൂറൽ എസ് പി ദിവ്യ ഗോപിനാഥ് മാധ്യമങ്ങളെ അറിയിച്ചു. ഗൃഹനാഥന്റെ മൃതദേഹം
തൂങ്ങിനിൽക്കുന്നനിലയിലും മറ്റുള്ളർ വിഷം കഴിച്ച നിലയിൽ കട്ടിലിലും നിലത്തുമായിരുന്നു കിടന്നത്. വീട്ടിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും എസ്പി വ്യക്തമാക്കി. ഇവർ നടത്തിവന്നിരുന്ന തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴ ചുമത്തിയതിലെ മനോവിഷമമാകാം ഇവരെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 50,000 രൂപ പിഴ അടക്കാന്‍ ആരോഗ്യവിഭാഗം നിർദേശിച്ചിരുന്നു.
ചാത്തൻപാറ ജങ്ഷനിൽ തട്ടുകട നടത്തുന്ന മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അജീഷ്, അമേയ, മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കുട്ടന്റെ അമ്മ വീടിന്റെ പുറത്തെ മുറിയിലുണ്ടായിരുന്നെങ്കിലും ഇവർക്ക് സംഭവത്തെ പറ്റി അറിവില്ലായിരുന്നു.
രാവിലെ തട്ടുകടയിലെ ജോലിക്കാരനായ ഷംനാദ് കടയുടെ താക്കോൽ വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയിരുന്നു. പുറത്തെ മുറിയിലായിരുന്ന അമ്മ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുനൽകിയ ശേഷം അകത്തെ മുറിയിൽച്ചെന്ന് മണിക്കുട്ടനെ വിളിച്ചെങ്കിലും വാതിൽ തുറക്കാതിരുന്നതോടെയാണ് ഷംനാദ് വാതിൽ ചവിട്ടി തുറന്നത്.
ചൊവ്വാഴ്ച തട്ടുകടയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തിയെന്നും കട അടക്കാൻ ആവശ്യപ്പെട്ടതായും ജോലിക്കാരനായ ഷംനാദ് പറഞ്ഞു. ‘കട വൃത്തിയാക്കിയിട്ട് തുറന്നാൽ മതിയെന്ന് പറഞ്ഞ് പിഴ ചുമത്തി. തിരുവനന്തപുരത്ത് പോയി എല്ലാം ശരിയാക്കിയെന്നും പിഴ അടച്ചെന്നും മണിക്കുട്ടൻ പറഞ്ഞു. ഇന്ന് രാവിലെ കട തുറക്കാൻ തീരുമാനിച്ചിരുന്നതുമാണ്’, ഷംനാദ് പറയുന്നു.