മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി ഇൻഡിഗോ. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കുണ്ട്. യാത്രാവിലക്ക് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം.
ഇൻഡിഗോയുടെ നടപടി വന്നതോടെ സംഭവത്തിലെ സത്യം പുറത്തുവന്നുവെന്ന് പ്രതിഷേധക്കാരിൽ ഒരാളായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദ് പ്രതികരിച്ചു. ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തില്ലെങ്കിലും സത്യം പുറത്തുവന്നുവെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ഫർസീൻ പറഞ്ഞു. യാത്രാവിലക്കുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചതായും ഫർസീൻ അറിയിച്ചു.
ജൂൺ 12ന് മുഖ്യമന്ത്രി സഞ്ചരിച്ച ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിൽ വലിയതുറ പൊലീസ് വധശ്രമം ഉൾപ്പെടെ
വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ കെ നവീൻ കുമാർ എന്നിവരാണ് സംഭവത്തിൽ ഒന്നും രണ്ടും പ്രതികൾ.