തൃക്കാക്കരയിൽ പരസ്യപ്രചരണം തീരാൻ ഇനി ഒരാഴ്ച ബാക്കി.
എം എൽ എ ആയിരുന്ന പി ടി തോമസിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ്. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും.
യുഡിഎഫിൻ്റെ ഉറച്ച മണ്ഡലമായി അറിയപ്പെടുന്ന തൃക്കാക്കരയിൽ ഇത്തവണ കടുത്ത പോരാട്ടം തന്നെ നടക്കുമെന്നാണ് വിലയിരുത്തൽ.
അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥി. ഹൈക്കമാൻഡാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് മാനേജരാണ് ഉമ തോമസ്. 1982ൽ മഹാരാജാസിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യുവിന്റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ച പരിചയത്തിലാണ് വീണ്ടും രാഷ്ട്രീയ കളത്തിലേക്ക് പി ടിയുടെ അഭാവത്തിൽ ഉമയുടെ രംഗപ്രവേശം.
എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫ് പൂഞ്ഞാർ സ്വദേശിയാണ്. സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം
എറണാകുളം ലിസി ആശുപത്രിയിൽ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ‘ഹൃദയപൂർവ്വം ഡോക്ടർ’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ ആണ് എൻ ഡി എയുടെ സ്ഥാനാർഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ബിജെപിയെ സംബന്ധിച്ച് 2016ൽ നിന്ന് 2021ൽ എത്തിയപ്പോൾ വലിയ വോട്ട് ചോർച്ചയുണ്ടായ മണ്ഡലമാണ് തൃക്കാക്കര.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ വീണ്ടും ഇടതുമുന്നണി പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തിയിട്ടുണ്ട്. ഇനിയുള്ള അഞ്ച് ദിവസം വിവിധ കൺവെൻഷനുകളിൽ പിണറായി വിജയൻ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നാലാം മുന്നണി ആർക്കും പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ LDF, UDF, NDA സ്ഥാനാർത്ഥികൾക്കെല്ലാം ജനക്ഷേമ സഖ്യത്തിന്റെ വോട്ടിലും പ്രതീക്ഷ ഉണ്ടെന്നാണ് സൂചന.