സംസ്ഥാനത്ത് വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില. വെളുത്തുള്ളിയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഹോൾസെയിൽ വില്പനക്കാർ 230 മുതൽ 260 രൂപ വരെ ഈടാക്കുമ്പോൾ ചെറുകിട വില്പനക്കാർ 300 രൂപ വരെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 320 രൂപയും ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേയ്ക്ക് വെളുത്തുള്ളിയെത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ വരൾച്ചയും കാലം തെറ്റിയുള്ള മഴയും മറ്റ് കാലാവസ്ഥ വ്യതിയാനവുമെല്ലാം വെളുത്തുള്ളി കൃഷിയെ സാരമായി ബാധിച്ചതോടെയാണ് വില വർധിച്ചതെന്നാണ് വ്യാപാരികൾ പറയുന്നത്.
ഏകദേശം ഒരു മാസക്കാലമായി വെളുത്തുള്ളി വില വർധിച്ചുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉള്ളി വിളവെടുപ്പ് വരെ ഈ വില തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.