വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് അസിസ്റ്റന്റ് ജയിലറെ മർദ്ദിച്ചതിനേത്തുടർന്ന് ആകാശ് തില്ലങ്കേരിയെ വിയ്യൂരിൽ ജയിലിൽ നിന്ന് അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നലെ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചാണ് അസിസ്റ്റന്റ് ജയിലർ രാഹുലിന് മർദ്ദനമേറ്റത്. ഫോൺ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ കാപ്പ തടവുകാരമായ ആകാശ് മർദ്ദിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ആകാശിനെ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. മർദ്ദനമേറ്റ രാഹുൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാഹുലിന്റെ പരാതിയിലാണ് ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
2018 ഫെബ്രുവരി 12ന് എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷുഹൈബിനെ ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷുഹൈബ് വധക്കേസിന് പുറമെ ആർഎസ്എസ് പ്രവർത്തകൻ വിനീഷിന്റെ കൊലപാതകമടക്കം 12 കേസുകളിൽ പ്രതിയാണ് ആകാശ്.