ജീവനും കയ്യിൽ പിടിച്ചാണ് മലപ്പുറത്ത് ഒരു കുടുംബം വീടിനുള്ളിൽ അന്തിയുറങ്ങുന്നത്. വീടിന് മുകളിലേയ്ക്ക് മറിഞ്ഞ ലോറി നീക്കം ചെയ്യാത്തതിനേത്തുടർന്ന് എപ്പോൾ വേണമെങ്കിലും വീട് തരിപ്പണമാകുമെന്നതാണ് അവസ്ഥ. ഇതോടെ രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഉറക്കത്തിനിടെ മരണമെത്തുമെന്ന ഭയത്താൽ ചെറിയ ശബ്ദം കേട്ടാൽപോലും ഞെട്ടിയെഴുന്നേൽക്കുകയാണ് ഇവർ.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് മുളയ്ക്കൽ മൊയ്തീന്റെ വീടിന് മുകളിലേയ്ക്കാണ് ചരക്ക് ലോറി മറിഞ്ഞത്. പേപ്പർ റോളുകളുമായി തിരൂരിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി മാർച്ച് ഒന്നിന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സമീപത്തെ രണ്ട് മതിലുകളും തെങ്ങും ഇടിച്ച് തകർത്ത ലോറി വീടിൻ്റെ അടുക്കളയുടെയും കിടപ്പറയുടെയും മുകളിലേക്കായി മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരുക്കേറ്റിരുന്നു. ഈ സമയത്ത് വീട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും അവർ പരുക്കേൽക്കാതെ അത്ഭുതകമായി രക്ഷപ്പെടുകയായിരുന്നു.
അപകടത്തേത്തുടർന്ന് വീടിന്റെ ചുമരുകൾ വിണ്ടുകീറുകയും വീടിൻ്റെ മുകളിലെ പ്രധാന സ്ലാബും സൺഷേഡും തകരുകയും ചെയ്തു. ലോറിക്ക് വലിയ ഭാരമുള്ളതിനാൽ ഏതുനിമിഷവും വീടിൻ്റെ മുകളിലേയ്ക്ക് വീഴാമെന്നതാണ് അവസ്ഥ. പ്രിൻ്റിങ് പ്രസ് ജീവനക്കാരനായ മൊയ്‌തീനും ഭാര്യയും പ്രായമായ ഉമ്മയും ആറ് മക്കളും ഉൾപ്പെട്ട കുടുംബത്തിന് പോകാൻ വേറെ വഴിയില്ലാത്തതിനാൽ ഈ വീട്ടിൽ തന്നെയാണ് അന്തിയുറങ്ങുന്നത്. ഈ കുടുംബത്തിൻ്റെ ദുരിതം കണ്ട് നാട്ടുകാർ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.