ദീപാവലിക്ക് പടക്കംപൊട്ടിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി കേരള സർക്കാർ. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരമാണ് സർക്കാർ ഉത്തരവിട്ടത്. ദീപാവലിക്ക് പുറമെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായും പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പടക്കംപൊട്ടിക്കുന്ന സമയത്തിലും ഉപയോഗിക്കുന്ന പടക്കത്തിലുമാണ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ട് മണി മുതൽ 10 മണി വരെ മാത്രമേ പടക്കംപൊട്ടിക്കാൻ അനുമതിയുള്ളു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് രാത്രി 11:55 മുതൽ 12:30 വരെയും പടക്കം പൊട്ടിക്കാമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊട്ടിക്കുമ്പോൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ‘ഹരിത പടക്കങ്ങൾ’ മാത്രമേ ആഘോഷങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളുവെന്നും ഉത്തരവിലുണ്ട്.
ഉത്തരവിൽ പറയുന്ന നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിയും ഉറപ്പാക്കണമെന്നും നിർദേശത്തിലുണ്ട്. വായുവിന്റെ ഗുണനിലവാരം മോശമായ ഇന്ത്യൻ നഗരങ്ങളിലും പടക്കം പൊട്ടിക്കുന്നതിന് കർശന നിയന്ത്രണമാണ് ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചിരിക്കുന്നത്.