പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് കുടുംബം. വൃക്കയുടെ പ്രവർത്തന ക്ഷമത വീണ്ടും കുറഞ്ഞു. ക്രിയാറ്റിന്റെ അളവ് പത്തിന് മുകളിലായതും രക്തസമ്മർദം ഉയരുന്നതും വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് കുടുംബം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ പാടില്ലെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഇതോടെ അൻവാർശേരിയിലേക്കുള്ള മഅ്ദനിയുടെ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി.
ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നത് വരെ മഅദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ തുടരും. കൊല്ലത്തേക്കുള്ള യാത്ര തടസപ്പെട്ടതോടെ മഅ്ദനിയുടെ പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. 12 ദിവസമാണ് മഅ്ദനി കേരളത്തിൽ ഉണ്ടാവുക. കര്‍ണാടക, കേരള പൊലീസ് സംഘവും ഡോക്ടര്‍മാരുടെ സംഘവും മഅ്ദനിക്കൊപ്പമുണ്ട്.
ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുമ്പോൾതന്നെ രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കണമെന്നുമായിരുന്നു മഅ്ദനിയുടെ ആഗ്രഹം. സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു എങ്കിലും കർണാടക സർക്കാർ സുരക്ഷക്കായി വലിയ പണം ആവശ്യപ്പെട്ടതോടെയാണ് മഅദ്നിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. എന്നാൽ കർണാടകയിൽ ഭരണം മാറിയപ്പോൾ ഇളവുകൾ ലഭിച്ചതോടെയാണ് ഇപ്പോൾ കേരളത്തിലെത്തിയത്.