സ്വപ്ന സുരേഷിന്റെയും പി എസ് സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളിയതിന് പിന്നാലെ സ്വപ്ന സുരേഷ് വീണ്ടും മാധ്യമങ്ങളെ കണ്ടു. സ്വപ്നയുടെ മുഖ്യമന്ത്രിക്ക് എതിരായ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുന്‍മന്ത്രിയായ കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കേസെടുത്തതോടെയാണ് ഹര്‍ജി നൽകിയത്. കേസില്‍ അറസ്റ്റിന് ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയതോടെ സ്വപ്നയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്നു വിലയിരുത്തി ജസ്റ്റിസ് വിജു ഏബ്രഹാം ഹര്‍ജി തള്ളുകയായിരുന്നു. സത്യം പുറത്തുവരില്ലെന്ന ഭയം കൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അറസ്റ്റ് ചെയ്താല്‍ സര്‍ക്കാര്‍ പീഡിപ്പിക്കുമെന്ന് ഭയക്കുന്നു. അതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതെന്നും അന്വേഷണം തടസപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ഷാജ് കിരണ്‍ സമ്മര്‍ദം ചെലുത്തിയെന്ന് സ്വപ്ന പറഞ്ഞു. സരിത്തിനെ കസ്റ്റഡിയില്‍ എടുക്കുമെന്ന് തലേന്ന് തന്നെ ഷാജ് കിരണ്‍ അറിയിച്ചിരുന്നു.
ഷാജ് കിരണ്‍ തന്റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നെന്നും ഇന്ന് രാവിലെ വരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സ്വപ്ന വ്യക്തമാക്കി. ‘താൻ ആവശ്യപ്പെട്ടിട്ടാണ് ഇന്നലെ ഷാജ് എത്തിയത്. ഇടനിലക്കാരനായാണ് ഷാജ് വന്നത്. രഹസ്യമൊഴി പിന്‍വലിക്കാന്‍ സമ്മർദ്ദം ചെലുത്തി. ഇന്നലെ ഉച്ചമുതല്‍ വൈകിട്ട് വരെ ഷാജ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. നികേഷ് കുമാര്‍ എന്ന ആൾ വന്ന് കാണുമെന്നും അപ്പോൾ അയാള്‍ക്ക് തന്റെ ഫോണ്‍ കൊടുക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. നികേഷ് കുമാര്‍ എന്നയാൾ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. അയാളുമായി ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞു. ‘ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞതാണിത്.
ജീവന് ഭീഷണി ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇടക്കാല ഉത്തരവു വേണമെന്ന ആവശ്യത്തിന് ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ തിടുക്കം എന്തിനാണെന്നാണ് കോടതി ചോദിച്ചത്. മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി ഷാജ് കിരണ്‍ എന്നയാൾ തന്നെ കണ്ടു ഭീഷണിപ്പെടുത്തിയെന്നും മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ സത്യവാങ്മൂലത്തില്‍ ചേർത്തിട്ടുണ്ട്. ഇയാള്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും നാളെ തന്റെ അഭിഭാഷകൻ അത് പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി.