സപ്ലൈകോ സബ്‌സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങളുടെ വില വർധിപ്പിച്ചു. 46 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്. കൂടാതെ ഇനി മുതൽ വിപണിവില കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് സബ്‌സിഡി ഉല്പന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചു. ഇതോടെ സാധാരണക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് വില വർധിപ്പിക്കുന്നത്. സബ്‌സിഡി ഉല്പന്നങ്ങൾക്ക് ഇതുവരെ 70 ശതമാനം വരെ വിലക്കുറവ് ലഭിച്ചിരുന്നിടത്ത് ഇനി 35 ശതമാനം മാത്രമാകും കുറവ് ലഭിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ സപ്ലൈകോ ഉല്പന്നങ്ങളുടെ വില വർധിപ്പിക്കാനുള്ള തീരുമാനമെടുക്കാൻ മടിച്ചിരിക്കുകയായിരുന്നു. എന്നാൽ വില കൂട്ടിയില്ലെങ്കിൽ സപ്ലൈകോയുടെ സാമ്പത്തികസ്ഥിതി പ്രതിസന്ധിയിലാകുമെന്നതും കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാരിന് നിർവാഹമില്ലെന്നതും കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
ചെറുപയർ ഒരു കിലോഗ്രാം 92.63 രൂപ (74 രൂപ), ഉഴുന്ന് ഒരു കിലോഗ്രാം 95.28 (66 രൂപ), കടല ഒരു കിലോഗ്രാം 69.93 (43 രൂപ), വൻപയർ ഒരു കിലോഗ്രാം 75.78 (45 രൂപ), തുവരപ്പരിപ്പ് ഒരു കിലോഗ്രാം 111.48 (65 രൂപ), മുളക് 500 ഗ്രാം 82.07 (75 രൂപ), മല്ലി 500 ഗ്രാം 78 (78 രൂപ ), പഞ്ചസാര ഒരു കിലോഗ്രാം 27.28 (22 രൂപ), വെളിച്ചെണ്ണ അര ലീറ്റർ 55.28 രൂപ (46 രൂപ), ജയ അരി 29.46 രൂപ (25 രൂപ), കുറുവ അരി 30.05 രൂപ (25 രൂപ), മട്ട അരി 30.86 രൂപ (24 രൂപ), പച്ചരി 26.08 രൂപ ( 23 രൂപ) എന്നിങ്ങനെയാണ് വർധിപ്പിച്ച വിലയും നിലവിലുണ്ടായിരുന്ന വിലയും.