ഇത്തവണത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി രണ്ടാം വർഷ പൊതുപരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പത്താം ക്ലാസ് മൂല്യനിർണയ ക്യാംപുകൾ 2025 ഏപ്രിൽ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും. 2025 മേയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതുപരീക്ഷകൾ 2025 മാർച്ച് ആറ് മുതൽ 29 വരെയാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
2024-ൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാം വർഷ ഹയർസെക്കൻഡറിക്കൊപ്പം അതേ ടൈംടേബിളിലാണ്. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയമാണ് ആദ്യം ആരംഭിക്കുന്നത്. അതിനുശേഷം രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയവും ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയവും നടക്കുമെന്നും മന്ത്രി അറിയിച്ചു.