ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും പിന്നീട് നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് കൈത്താങ്ങായി ഇനി സർക്കാർ ജോലി. വയനാട് കലക്‌ടറേറ്റിൽ എത്തിയാണ് ശ്രുതി റവന്യൂ വകുപ്പിൽ ക്ലാർക്കായി ചുമതലയേറ്റത്. ശ്രുതിക്ക് നിയമനം നൽകാൻ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഉറ്റവർ കൂടെയില്ലാത്തതിൻ്റെ വിഷമത്തിലും മുന്നോട്ട് ജീവിക്കാൻ കൈത്താങ്ങായ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ഈ ഘട്ടത്തിൽ എല്ലാവരോടും നന്ദി പറയുകയാണ്. ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നടക്കാൻ പറ്റുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.
ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരൻ ജെൻസണായിരുന്നു പിന്നീടുള്ള കൈത്താങ്ങ്. എന്നാൽ മാസങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ ജെൻസണെയും ശ്രുതിക്ക് നഷ്ടമായി. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു പ്രതിശ്രുത വരൻ്റെ അപ്രതീക്ഷിത വിയോഗം.
ജീവിതത്തിൽ തനിച്ചായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യൂ വകുപ്പിൽ നിയമനം നൽകി സർക്കാർ ഉത്തരവിറങ്ങിയത്.