നടിയെ ആക്രമിച്ച കേസിൽ ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയ അന്വേഷണസംഘം മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കും. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തൽ കോടതിയലക്ഷ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും ചെയ്യും. ദിലീപിനെതിരായ കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു വെളിപ്പെടുത്തൽ. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശ്രീലേഖ ഉന്നയിച്ചത്.
വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ആർ ശ്രീലേഖ വ്യക്തമാക്കി. ‘പറയാനുള്ളതെല്ലാം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിട്ടുണ്ട്. വിമർശനങ്ങൾ പ്രതീക്ഷിച്ചിരുന്നു.’ പ്രതിഭാഗം സാക്ഷിയാക്കാമെന്നത് തെറ്റായ ധാരണയാണെന്നും ശ്രീലേഖ പറഞ്ഞു.
ആർ. ശ്രീലേഖയ്ക്കെതിരെ
വിമർശനവുമായി അതിജീവിതയുടെ ബന്ധുക്കൾ രംഗത്തെത്തി. വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാമെന്നും
ന്യായീകരണത്തൊഴിലാളികളുടെ അവസ്ഥയിൽ സഹതാപമെന്നുമാണ് വിമർശനം. ശ്രീലേഖ ആർക്കുവേണ്ടിയാണ് സംസാരിച്ചതെന്ന് വ്യക്തമാണെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പ്രതികരിച്ചു. കേസിലെ ഓരോ വസ്തുതകളും എടുത്തുപറയുന്നത് അതുകൊണ്ടാണ്. ശ്രീലേഖയുടെ നിലപാടുകൾ ഇരട്ടത്താപ്പ് ആണെന്നും ദീദി ദാമോദരൻ കുറ്റപ്പെടുത്തി.
ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചു. ദിലീപിനോട് ശ്രീലേഖക്ക് ആരാധനയാണുള്ളത്. ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്നും ബാലചന്ദ്രകുമാർ ചോദ്യമുന്നയിച്ചു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ ശ്രീലേഖ ഭാഗമായിട്ടില്ലെന്ന് മാത്രമല്ല പൊലീസിന്റെ ഭാഗമല്ലതെ ജയിൽ വകുപ്പിലായിരുന്നു. അതുകൊണ്ടുതന്നെ കേസിനെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ എന്തിനാണ് പറയുന്നതെന്നതും അന്വേഷണവിധേയമാക്കണം.