സ്മാർട് മീറ്റർ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കെഎസ്ഇബിക്ക് സർക്കാർ നിർദേശം നൽകി. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇനി ഒരു തീരുമാനം എടുക്കുന്നതുവരെ പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സർക്കാർ നിർദേശിച്ചത്. സ്മാർട് മീറ്റർ സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷം പദ്ധതി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
അതേസമയം നിർദേശം നൽകിയിട്ടുണ്ടെങ്കിൽ ഉത്തരവ് എവിടെയെന്ന് തൊഴിലാളി പ്രതിനിധികൾ ചോദ്യം ഉന്നയിച്ചു. ഇതിന് മന്ത്രിക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. പിന്നീടാണ് ഉത്തരവ് സർക്കാർ പുറത്തുവിട്ടത്. എന്നാൽ പഴയ തീയതി വച്ച് യോഗത്തിന് ശേഷമാണ് ഉത്തരവിറക്കിയതെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിച്ചു. കഴിഞ്ഞ മാസം 24ന് പദ്ധതി നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയെങ്കിൽ പിന്നെ എങ്ങനെയാണ് 29ന് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതെന്നും സംഘടനകൾ ചോദിച്ചു. ടെണ്ടർ പൂർത്തിയായശേഷം പദ്ധതി നിർത്തിവയ്ക്കുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സബ്സിഡിയായി ലഭിക്കേണ്ട കോടിക്കണക്കിനു രൂപ മറ്റു സംസ്ഥാനങ്ങൾക്കു നൽകുമെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരക്കിട്ടുവേണ്ടെന്നും ഘട്ടം ഘട്ടമായി മതിയെന്നുമുള്ള നിലപാടിലാണു ഒരുവിഭാഗം വിദഗ്ധരും ബോർഡിലെ സംഘടനകളും. സ്മാർട് മീറ്ററിൽ പ്രീ പെയ്ഡ് സൗകര്യം ഉള്ളതിനാൽ വൈദ്യുതി ഉപയോഗം ഉപഭോക്താക്കൾക്കു നിരീക്ഷിക്കാനാകും. മൊബൈൽ ആപ്പുകളും ഇതിനായി ഉപയോഗിക്കാം.
ഓഫിസിൽ ഇരുന്നുകൊണ്ട് തന്നെ വൈദ്യുതി ബന്ധം വിഛേദിക്കാനും പുനഃസ്ഥാപിക്കാനും എത്ര വൈദ്യുതി ഉപയോഗിച്ചു എന്ന് കണക്കാക്കാനും ബോർഡ് അധികൃതർക്ക് സാധിക്കും. എന്നാൽ ഇപ്പോൾ വൈദ്യുതി ഉപയോഗിച്ച് ഒരു മാസം കഴിഞ്ഞതിന് ശേഷമാണ് ബോർഡിന് പണം ലഭിക്കുന്നത്. പ്രീപെയ്ഡ് സ്മാർട് മീറ്റർ വന്നാൽ പണം അഡ്വാൻസ് ആയി ലഭിക്കുകയും ചെയ്യും. ഇത് ഉപയോക്താക്കളിൽ നിന്ന് കാഷ് ഡിപ്പോസിറ്റ് പിരിക്കുന്നതും 4000 മീറ്റർ റീഡർമാരും ഇല്ലാതാക്കും. ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് വ്യത്യസ്ത നിരക്ക് (ടിഒഡി) നിലവിൽ വരും. നിരക്കു കൂടുതലുള്ള സമയം ഉപഭോക്താവിനു വേണമെങ്കിൽ ഉപയോഗം കുറയ്ക്കാം.
അതേസമയം കേരളത്തിൽ ഒരാളുടെ മീറ്റർ റീഡിങ് ചെയ്യുന്നതിന് ഇപ്പോൾ 8 രൂപയാണു ചെലവ്. പുറമേ മീറ്റർ വാടക കൂടി ചേർത്താലും ഇത്രയും തുക വരുന്നില്ലെന്ന് പദ്ധതിയെ എതിർക്കുന്നവർ പറയുന്നു. മീറ്ററിലെ റീഡിങ് അനുസരിച്ച് ബിൽ നൽകുന്നവർ കമ്പനിയുടെ ചുമതലയാണ്. ഇത്തരം വിവരങ്ങൾ സ്വകാര്യ കമ്പനിക്കു നൽകുന്നതിനോടും ബോർഡിലെ സംഘടനകൾക്ക് എതിർപ്പുണ്ട്.