ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ച് നടൻ സിദ്ദിഖ്. പരാതിയിൽ ഉന്നയിക്കാത്ത കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നതെന്നും അവർ പുതിയ കഥകൾ ചമയ്ക്കുകയാണെന്നുമാണ് സിദ്ദിഖ് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്‌തു. സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സത്യവാങ്‌മൂലം.
പരാതി നൽകാൻ എട്ട് വർഷം എന്ത് കൊണ്ട് വൈകിയെന്ന് സംസ്ഥാന സർക്കാരിനോടും പരാതിക്കാരിയോടും സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇതിന് കൃത്യമായ ഒരു വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആകുന്നില്ലെന്ന് സിദ്ദിഖ് ആരോപിച്ചു. പരാതി നൽകിയ വ്യക്തി 2019-ലും 2020-ലും ഫേസ്ബുക്കിൽ അധിക്ഷേപകരമായ പോസ്റ്റുകളിലിട്ടിരുന്നു. എന്നാൽ ആ പോസ്റ്റുകളിൽ പറഞ്ഞിരുന്ന കാര്യങ്ങൾ അല്ല ഇപ്പോൾ രജിസ്റ്റർ ചെയ്‌തിരിക്കുന്ന കേസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അത് എന്തുകൊണ്ടാണെന്നും സിദ്ദിഖ് സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത മറുപടി സത്യവാങ്‌മൂലത്തിൽ ചോദിച്ചിട്ടുണ്ട്.
ബലാത്സംഗ കേസിൽ തനിക്കെതിരെ തെളിവുകളുടെ ഒരു കെട്ട് തന്നെ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ താൻ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അറസ്റ്റ് ചെയ്‌തില്ലെന്ന് മറുപടി സത്യവാങ്‌മൂലത്തിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016-ൽ ഉപയോഗിച്ചിരുന്ന ഫോൺ കൈമാറിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ തനിക്ക് എതിരെ പറയുന്ന പ്രധാന പരാതി. എന്നാൽ പരാതിക്കാരിയും ആ കാലയളവിൽ ഉപയോഗിച്ചിരുന്ന ഫോൺ കൈമാറിയിട്ടില്ല എന്നാണ് തൻ്റെ അറിവെന്നും സിദ്ദിഖ് സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത മറുപടി സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.