അറിവ് കൂടുംതോറും മനുഷ്യന് മതപരമായ വേർതിരിവ് വർധിക്കുകയാണെന്നും മനുഷ്യന്റെ സ്വഭാവം മോശമായിവരികയാണെന്നും നടൻ ഷൈൻ ടോം ചാക്കോ. മതത്തെ മനസിലാക്കി പഠിക്കണമെന്നും എന്നിട്ട് സ്വയം ചിന്തിച്ച് അതിന്റെ അടിസ്ഥാനത്തിൽ മതത്തിൽ നിന്ന് പുറത്ത് കടക്കണമെന്നും ഷൈൻ പറഞ്ഞു.
അറിവ് കൂടുമ്പോൾ വേർതിരിവുകൾ ഇല്ലാതാവുകയാണ് ചെയ്യേണ്ടത്. എന്നാൽ അറിവ് കൂടുന്തോറും മനുഷ്യന് മതപരമായ വേർതിരിവുകൾ വർധിക്കുകയാണ്. മതത്തിൽ സ്വന്തമായ ചിന്തകൾ ഉണ്ടാകണം. നമ്മൾ ഓരോരുത്തരും ഓരോ മതത്തിൽ ജനിക്കുന്നവരാണ്. ആ മതത്തെ മനസിലാക്കി പഠിക്കണം. എന്നിട്ട് നാം സ്വയം ചിന്തിക്കണം. അതിന്റെ അടിസ്ഥാനത്തിൽ മതത്തിൽ നിന്ന് പുറത്ത് കടക്കണം. അവർക്കേ ദൈവത്തിലെത്താൻ പറ്റൂവെന്നും ഷൈൻ പറഞ്ഞു.
ദൈവങ്ങളൊന്നും മതങ്ങൾ ഉണ്ടാക്കാൻ പറഞ്ഞിട്ടില്ല. ക്രിസ്തു ക്രിസ്ത്യാനിയല്ലല്ലോ. ചുറ്റപ്പെട്ടുകിടക്കുന്ന ആളുകൾക്ക് വേണ്ടിയാണ് ക്രിസ്തു പൊരുതിയത്. അതിനാൽ മതം നിർബന്ധിത പഠനമാക്കണം. തന്റെ ദൈവമാണ് ഏകദൈവമെന്ന് വിശ്വസിക്കുന്നവർ ആ ദൈവം തന്നെയാണ് മറ്റുള്ളവരെ സൃഷ്ടിച്ചത് എന്ന് എന്തുകൊണ്ട് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിച്ചാൽ മറ്റ് സൃഷ്ടികളെ നശിപ്പിക്കാൻ കഴിയില്ലെന്നും ഷൈൻ കൂട്ടിച്ചേർത്തു.