കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ ചൊല്ലിയുള്ള വിവാദമാണ് സോഷ്യൽ മീഡിയ നിറയെ. എസ്എഫ്ഐ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടുള്ള മാർച്ചിലാണ് സംഭവം.
സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയത് സ്കൂളിന്റെ അറിവോടെയല്ലെന്നാണ് പ്രധാനാധ്യാപികയുടെ കുറ്റപ്പെടുത്തൽ. സംഘടന കുട്ടികളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചത് തെറ്റാണെന്നും അധ്യാപിക അനിത പറഞ്ഞു. എന്നാൽ കുട്ടികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും സ്കൂൾ വരുത്തിയിട്ടില്ലെന്ന് പിടിഎ പ്രസിഡന്റ് സുരേഷും അറിയിച്ചു. സ്കൂളിന് പുറത്ത് നിന്നാണ് വിദ്യാർത്ഥികളെ സമരക്കാർ വിളിച്ചുകൊണ്ട് പോയതെന്നും അദ്ദേഹം പറയുന്നു. ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ട് പോയതെന്നും പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നും കുട്ടികൾ പറഞ്ഞു.
പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെയാണ് ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയതെന്നാണ് രക്ഷിതാക്കൾ പരാതിപ്പെട്ടത്. വിദ്യാർത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കൾക്ക് അറിയില്ലായിരുന്നെന്നും സ്കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകർ ഇതിന് കൂട്ടുനിന്നെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. അധ്യാപകർ കുട്ടികൾ സ്കൂളിൽ എത്താത്ത വിവരം മറച്ചുവെച്ചെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവം പരിശോധിക്കുമെന്ന് പാലക്കാട് സിഡബ്ല്യുസി ചെയർമാൻ അറിയിക്കുകയും വിഷയം സംബന്ധിച്ച് പ്രധാനാദ്ധ്യാപികയോട് വിവരങ്ങൾ തേടുകയും ചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷയിലും പരിചരണത്തിലും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.