രണ്ട് മാസത്തെ മധ്യവേനൽ അവധിക്ക് ശേഷം ഇന്ന് കുട്ടികൾ വീണ്ടും സ്കൂളിലേയ്ക്ക്. പുതിയ ബാഗും പുസ്തകങ്ങളും കുടയുമൊക്കെയായി സന്തോഷത്തോടെയാണ് കുരുന്നുകൾ സ്കൂളിലേയ്ക്കെത്തിയത്. ഇനി പഠനത്തിന്റെ കാലമാണ്. മൂന്ന് ലക്ഷത്തോളം കുരുന്നുകളാണ് ആദ്യമായി ആക്ഷരമുറ്റത്തേയ്ക്ക് എത്തിയത്.
കുരുന്നുകൾക്ക് ആശംസയുമായി നിരവധി പ്രമുഖരാണ് എത്തുന്നത്. സൂപ്പർ സ്റ്റാർ മോഹൻലാൽ വീഡിയോയിലൂടെയാണ് കുട്ടികൾക്ക് ആശംസ അറിയിക്കാനെത്തിയത്. അറിവിന്റെയും ആഹ്ലാദത്തിന്റേയും ലോകത്തേക്ക് കടന്നു വരുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ആശംസകളെന്നാണ് മോഹൻലാൽ വീഡിയോയിലൂടെ പങ്കുവച്ചത്. “പ്രിയപ്പെട്ട കുട്ടികളെ, സന്തോഷപൂര്‍വമായ പുതിയൊരു അധ്യയന വര്‍ഷം ആരംഭിക്കുകയാണ് അറിവിന്റെയും ആഹ്ലാദത്തിന്റെയും ലോകത്തേക്ക് കടന്നുവരുന്ന എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും ആശംസകള്‍.
അറിവ് വെളിച്ചമാണ്. കുട്ടിക്കാലത്ത് എല്ലാവര്‍ക്കും ഇരുട്ടിനെ ഭയമായിരിക്കും അതിന് കാരണം ഇരുട്ട് അജ്ഞാനമാണ്. അജ്ഞാനത്തെ അകറ്റി അറിവ് നേടുമ്പോള്‍ നമ്മുടെ മനസിലും പ്രകാശം നിറയും അതോടെ ഭയമെല്ലാം നമ്മുടെ മനസില്‍ നിന്നും അകലുകയായി കുഞ്ഞുങ്ങളുടെ മനസില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കുന്ന മഹത്തായ കര്‍മമാണ് അധ്യാപകര്‍ അനുഷ്ഠിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ അധ്യാപകര്‍ക്ക് കൂടി ആശംസകള്‍ അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്” എന്നാണ് താരം പറഞ്ഞത്.
അതേസമയം, വിദ്യാഭ്യാസ വകുപ്പ് നിങ്ങൾക്ക് എല്ലാ സൗകര്യവുമൊരുക്കുന്നുണ്ട്, കൊച്ചുമക്കൾക്ക് എല്ലാവർക്കും എന്റെ എല്ലാ ആശംസകളും എന്ന് ഗായിക കെ.എസ് ചിത്രയും വീഡിയോയിലൂടെ ആശംസിച്ചു. “എത്രയും പ്രിയപ്പെട്ട എന്റെ കുഞ്ഞു മക്കളേ, പുതിയ കുപ്പായമൊക്കെയിട്ട് ബാഗുമൊക്കെ പിടിച്ച് സന്തോഷത്തോടെ സ്കൂളിലെത്തിയിരിക്കുകയാണ് എല്ലാവരുമല്ലേ. എല്ലാവരും മിടുക്കരായി പഠിക്കണം.
ഒപ്പം പാട്ടു പാടുകയും ചിത്രം വരയ്ക്കുകയും ഡാൻസ് കളിക്കുകയുമൊക്കെ വേണം. വിദ്യാഭ്യാസ വകുപ്പ് നിങ്ങൾക്ക് എല്ലാ സൗകര്യവുമൊരുക്കുന്നുണ്ട്. കൊച്ചുമക്കൾക്ക് എല്ലാവർക്കും എന്റെ എല്ലാ ആശംസകളും. നന്നായി വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ”. എന്നാണ് ചിത്ര പറഞ്ഞത്. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.