മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. നിയുക്‌ത മേൽശാന്തിമാരായ എസ്.അരുൺ കുമാർ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി എന്നിവർ ആദ്യം പതിനെട്ടാംപടി ചവിട്ടി. സ്ഥാനാരോഹണം ഉടൻ നടക്കും.
നവംബർ 29 വരെ ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. പ്രതിദിനം 70,000 പേർക്ക് ദർശനം നടത്താനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്. കൂടാതെ 10,000 പേർക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. തിരക്ക് വർധിക്കുന്ന സാഹചര്യം ഉണ്ടാകുന്നപക്ഷം അതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.