ശബരിമലയിലേക്കുള്ള സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ട്രെയിനിനെ സ്വീകരിച്ചു. ഡിസംബർ 25 വരെയാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസായിരിക്കും ഉണ്ടാവുക. വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും.
ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15 ന് ചെന്നെയിൽ എത്തും. അതേസമയം കേരള സർക്കാർ ഭക്തരോട് ക്രൂരത കാണിക്കുമ്പോൾ ചേർത്ത് പിടിക്കുകയാണ് കേന്ദ്രമെന്ന് ട്രെയിനിനെ സ്വീകരിച്ചുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ് പറഞ്ഞു.
ഇത് കൂടാതെ ശബരിമല തീർത്ഥാടകർക്കായി ആന്ധ്രയിലെ കച്ചെഗുഡയിൽ നിന്ന് കൊല്ലത്തേക്കും പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11.45ന് കച്ചെഗുഡയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം കൊല്ലത്തെത്തും. ഡിസംബർ 18, 25, ജനുവരി 1, 8, 15 തിയ്യതികളിലാണ് സർവീസ് നടത്തുക.