സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ നിയന്ത്രണം വന്നേക്കും. ഓരോ ദിവസവും പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാനാണ് ആലോചന. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല.
വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങളുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട 4600 കോടി രൂപ ലഭ്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങി. മൂന്ന് ദിവസമായി മുടങ്ങിക്കിടക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം നാളെ നൽകുമെന്നായിരുന്നു ധനവകുപ്പ് അറിയിച്ചിരുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ശമ്പളവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നിലവിലെ ആലോചന. കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തല ചർച്ചക്കും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രമാണ്.