ജെൻഡർ ന്യൂട്രൽ യൂണിഫോമിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള എം കെ മുനീർ എം എൽ എയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് സ്ത്രീപക്ഷ പ്രവർത്തകർ രംഗത്ത്. ലിംഗ സമത്വം എന്ന പേരിൽ സർക്കാർ സ്കൂളുകളിൽ മതനിരസമാണ് വളർത്താൻ ശ്രമിക്കുന്നതെന്നാണ് മുനീർ എം എൽ എ പറഞ്ഞത്. ലിംഗസമത്വം ആണെങ്കിൽ മുഖ്യമന്ത്രിക്ക് സാരിയുടുത്തുകൂടെ എന്നും ചോദിച്ചു. ഇതിനെതിരെയാണ് വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ പ്രതികരണം അറിയിച്ചിരിക്കുന്നത്.
” ലിംഗ സമത്വമെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതിനെ മതവുമായി ബന്ധിപ്പിച്ച് വായിക്കുന്നതിനോട് എതിർപ്പ് മാത്രം. ഒരാളുടെ വ്യക്തി സ്വാതന്ത്രമാണ് വസ്ത്ര ധാരണം. അത് അനുവദിച്ചു നൽകുക എന്നതാണ് രാഷ്ട്രീയപ്രവർത്തകരും ഭരണാധികാരികളും ചെയ്യേണ്ടത് ” – കോൺഗ്രസ് പ്രവർത്തക ബിന്ദു കൃഷ്ണ പറഞ്ഞു. മുനീറിന്റെ പ്രസ്താവന ജെൻഡർ ന്യൂട്രാലിറ്റി എന്താണ് എന്ന് മനസ്സിലാക്കാത്തത്തിൽ നിന്നും വന്നതാണ്. ഏതെങ്കിലുമൊരു വിഭാഗത്തിലെ വസ്ത്രം മറ്റൊരു വിഭാഗം ധരിക്കുന്നതല്ല ജെൻഡർ ന്യൂട്രാലിറ്റിയെന്നത് എം കെ മുനീർ മനസിലാക്കണം. അത് തിരിച്ചറിയാത്തതുകൊണ്ടാണ് മുഖ്യമന്ത്രിയോട് സാരിയുടുക്കുമോ എന്ന് ചോദിച്ചത്. പിണറായി വിജയനോട് സാരിയും ബ്ലൗസും ധരിക്കാൻ പറഞ്ഞ മുനീറും പുരുഷ അനുയായികളും 10 ദിവസം സാരിയുടുത്തു സഞ്ചരിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാക്കാമെന്ന് ആക്ടിവിസ്റ്റും അധ്യാപികയുമായ എം സുല്ഫത് പ്രതികരിച്ചു.
യുവ അധ്യാപികയും ആക്ടിവിസ്റ്റുമായ ദിവ്യ ദിവാകറിന്റെ പ്രതികരണം, ജെൻഡർ ന്യൂട്രൽ യുണിഫോം ധരിക്കണമെങ്കിൽ എന്തിനാണ് പിണറായി വിജയൻ സാരിയുടുക്കേണ്ട ആവശ്യം? നിലവാരമില്ലാത്ത ചിന്താഗതികളിൽ നിന്ന് വന്നതാണ് അത്തരമൊരു ചോദ്യം എന്നാണ്. എം കെ മുനീറിന്റെ വേഷം മുണ്ടും ഷർട്ടുമാണ്. അത് ആരും അടിച്ചേൽപ്പിചതല്ലലോ. ഇനി സാരിയുടുക്കണമെന്ന് അദ്ദേഹത്തിന് തോന്നിയാൽ ചെയ്യാം, വ്യക്തി സ്വതന്ത്രമാണ്. പുരുഷന്മാർ ജനിക്കുമ്പോൾ തന്നെ പാന്റിട്ട് വന്നവരല്ലല്ലോ, പിന്നെയെങ്ങനെ അത് ആണിന്റെ മാത്രം വേഷമവും എന്ന ചോദ്യവും ദിവ്യ കൂട്ടിച്ചേർത്തു.
എം എസ് എഫിന്റെ ‘വേര് ‘ ക്യാമ്പയിന്റെ സമാപന വേദിയിലായിരുന്നു എം കെ മുനീർ വിവാദ പ്രസ്താവന നടത്തിയത് വിശദീകരണവുമായി രംഗത്ത് വന്നിരുന്നെങ്കിലും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ലീഗ് നേതാക്കളും മുനീറിന്റെ പ്രസ്താവന ശരിവെച്ചിരുന്നു.