അന്യ നാട്ടിൽ നിന്ന് കേരളത്തിൽ ജോലിക്കെത്തുന്ന അതിഥി തൊഴിലാളികൾക്ക് കേരളത്തിലെ റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാൻ കഴിയും. ഈ അറിവ് ലഭ്യമാക്കുന്നതിനായി സർക്കാർ ആരംഭിച്ച വിവിധ ഭാഷകളിൽ തയ്യാറാക്കിയ റേഷൻ റൈറ്റ് കാർഡിന്റെ ജില്ലാതല ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.
ദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്ന റേഷൻ കാർഡ് ഉടമകൾക്കോ അംഗങ്ങൾക്കോ രാജ്യത്തെ ഏത് സംസ്ഥാനത്ത് നിന്നും അവരുടെ റേഷൻ വിഹിതം കൈപ്പറ്റാം എന്ന 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ചാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അതിഥി തൊഴിലാളികൾക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ലെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് വിവിധ ഭാഷകളിൽ തയ്യാറാക്കിയ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയതെന്ന് മന്ത്രി പറഞ്ഞു.
ദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്ന റേഷൻ കാർഡ് ഉടമകൾക്ക് അഞ്ച് കിലോ സൗജന്യ ഭക്ഷ്യ ധാന്യമാണ് ലഭിക്കുക. മാത്രമല്ല, കുടുംബത്തിലെ ഒരംഗം കേരളത്തിൽ നിന്നും വിഹിതം കൈപ്പറ്റിയതിന്റെ പേരിൽ അയാളുടെ കുടുംബത്തിലെ മറ്റംഗംങ്ങളുടെ വിഹിതത്തിൽ കുറവുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ 94 ലക്ഷം കുടുംബങ്ങൾക്കാണ് റേഷൻ കാർഡ് ഉള്ളത്. ഒരാൾക്ക് പോലും റേഷൻ കാർഡെന്ന അവകാശം നിഷേധിക്കില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ കോവിഡ് കാലത്ത് അതിഥി തൊഴിലാളികൾ ഉൾപ്പെടെ എല്ലാവർക്കും സംസ്ഥാന സർക്കാർ സൗജന്യമായി ഭഷ്യധാന്യം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.