പുതുപ്പള്ളിയിൽ പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും. വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട നീക്കങ്ങളുമായി സ്ഥാനാർത്ഥികൾ സജീവമായിരിക്കുകയാണ്. വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. വൈകുന്നേരം പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. നാളെ നിശബ്ദപ്രചാരണം നടക്കും.
രാവിലെ വിവിധ പഞ്ചായത്തുകളിൽ പ്രചാരണം നടത്തിയ ശേഷം ജെയ്ക് സി തോമസിന്റെ റോഡ് ഷോ 12 മണിക്ക് വാകത്താനത്ത് നിന്നും ആരംഭിക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വിവിധ മന്ത്രിമാരും മണ്ഡലത്തിൽ ഉണ്ടാകും. യുഡിഎഫിന്റെ ബൈക്ക് റാലി വിവിധ പഞ്ചായത്തുകളിലൂടെ കടന്ന് പാമ്പാടിയിലെത്തും. കൂരോപ്പടയിൽ ചാണ്ടി ഉമ്മന്റെയും ശശി തരൂരിന്റെയും റോഡ് ഷോ ഉണ്ടാകും. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ വാഹനപര്യടനം രാവിലെ 10 മണിക്ക് തുടങ്ങും. എല്ലാ സ്ഥാനാർത്ഥികളുടെയും പ്രചാരണം പാമ്പാടിയിൽ എത്തിയശേഷമായിരിക്കും കലാശക്കൊട്ട്.
പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ 1,75,605 വോട്ടർമാരാണുള്ളത്. 89,897 സ്ത്രീ വോട്ടർമാരും 85,705 പുരുഷ വോട്ടർമാരും 80 വയസിനു മുകളിലുള്ള 6376 വോട്ടർമാരും ഭിന്നശേഷിക്കാരായ 1765 വോട്ടർമാരുമാണുള്ളത്. 181 പ്രവാസി വോട്ടർമാരും 138 സർവീസ് വോട്ടർമാരും ഉണ്ട്. 182 പോളിങ് സ്റ്റേഷനുകളാണ് വേട്ടിങ്ങിനായി ഒരുക്കിയിരിക്കുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനായുള്ള പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ മുതൽ ആരംഭിക്കും. കോട്ടയം ബസേലിയസ് കോളജിലാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്നത്. സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് നടക്കുക. എട്ടിന് വോട്ടെണ്ണും.