പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. പ്രകൃതിയ്ക്ക് വേണ്ടി സ്വന്തം ജീവിതംതന്നെ മാറ്റിവെച്ച വ്യക്തിയായിരുന്നു ശോഭീന്ദ്രൻ മാഷ്. പരിസ്ഥിതിയോട് എന്നും ഇണങ്ങി ജീവിച്ച ശോഭീന്ദ്രൻ മാഷിന്റെ വസ്ത്രധാരണവും പ്രകൃതിയുടെ പച്ചപ്പിനെ സ്മരിക്കുന്നതായിരുന്നു. പച്ച പാന്റും പച്ച ഷർട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം വേഷം. സംസ്ഥാനത്തെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
വായുവും ജലവും പരിസ്ഥിതിയും മലിനമാകുന്നിടത്ത് അദ്ദേഹം പ്രകൃതിക്ക് തുണയായി എന്നും പ്രവർത്തിച്ചിരുന്നു. പച്ചപ്പ് പടർത്തുന്നതിനായി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ സദാവ്യാപൃതനായിരുന്നു അദ്ദേഹം. കോഴിക്കോട് കക്കോടി സ്വദേശിയാണ് ശോഭീന്ദ്രൻ. ഗവണ്മെന്റ് എൽ.പി സ്കൂൾ കക്കോടി, എ.കെ.കെ.ആർ. ഹൈസ്കൂൾ ചേളന്നൂർ, മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. വിപ്ലവം ദിനപത്രത്തിൽ സബ് എഡിറ്റർ, ലക്ചറർ ഗവണ്മെന്റ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ബാംഗ്ലൂർ, ഗവണ്മെന്റ് കോളേജ് മൊളക്കാൽ മുരു, ചിത്രദുർഗ കർണാടക, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 2002-ൽ ഇക്കണോമിക്സ് വിഭാഗം മേധാവിയായാണ് വിരമിച്ചത്.
കേരള സ്റ്റേറ്റ് ഫോറസ്റ്റ്സ് ആന്റ് വൈൽലൈഫ് ബോർഡ് അംഗം, കേരള കാവുസംരക്ഷണ വിദഗ്ധസമിതി അംഗം, കേരള പ്രകൃതിസംരക്ഷണ ഏകോപനസമിതി കോ-ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ-ഓർഡിനേറ്റർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പുറമെ അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സമൂഹത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഇന്ദിരാപ്രിയദർശിനി ദേശീയവൃക്ഷമിത്ര അവാർഡ്, കേരള ഗവൺമെന്റ് വനമിത്ര അവാർഡ്, മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കേരള അവാർഡ്, സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കേരള, നാഷണൽ എൻവയൺമെന്റ് അവാർഡ്, ഭാരത് വികാസ് സംഗം, ബീജാപൂർ, സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് ആന്റ് അപ്രിസിയേഷൻ: ഫ്ളാറിഡ എൺവയൺമെന്റലിസ്റ്റ്സ് അസോസിയേഷൻ, സെലിബ്രിറ്റി ടീച്ചർ അവാർഡ് റെക്കമെന്റഡ് ബൈ കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: പ്രൊഫ. എം.സി. പത്മജ. മക്കൾ: പ്രൊഫ. ബോധി കൃഷ്ണ, ധ്യാൻ ദേവ്.