പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര വികസന കോർപറേഷൻ മുൻ ചെയർമാനുമായ പി.വി.ഗംഗാധരൻ (80) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് മൂന്ന് മണി മുതൽ കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ പൊതുദർശനം നടക്കും. നാളെ (ശനി) വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പിലാണ് സംസ്കാരം.
എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തിയാണ് ഗംഗാധരൻ. ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം എ.ഐ.സി.സി അംഗമായിരുന്നു. 2011-ൽ കോഴിക്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായും മത്സരിച്ചു.
1977-ൽ സുജാത എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്ര നിർമ്മാണ രംഗത്തേക്കെത്തിയത്. തുടർന്ന് മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരുവടക്കൻ വീരഗാഥ, അദ്വൈതം, ഏകലവ്യൻ തുടങ്ങി ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിറ്റ് ചിത്രങ്ങളുടെ നീണ്ടനിരതന്നെ സൃഷ്ടിക്കപ്പെട്ടു. ജയൻ നായകനായ ഐ.വി.ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ മുൻനിരയിലുണ്ട്. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിൽ എന്നും മുന്നിലാണ് വടക്കൻ വീരഗാഥ. വാർത്ത (1986), ഒരു വടക്കൻ വീരഗാഥ (1989), തൂവൽ കൊട്ടാരം (1996), വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999), അച്ചുവിന്റെ അമ്മ (2005), നോട്ട്ബുക്ക് (2006) എന്നിവ മികച്ച ചിത്രങ്ങൾക്കുള്ള സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങളും നേടി.