വ്യാജരേഖ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്പൂരിൽ എത്തിയാണ് ഷാജനെ കസ്റ്റഡിയിലെടുത്തത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു നൽകിയെന്നാണ് പരാതി. മതവിദ്വേഷ കേസിൽ നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബി.എസ്.എൻ.എല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ഷാജൻ സ്കറിയ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് പി.വി അൻവറും ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അൻവർ പ്രധാനമന്ത്രിക്കും പരാതി നൽകിയിരുന്നു. സന്ദേശങ്ങൾ ചോർത്താൻ ഷാജൻ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നായിരുന്നു അൻവർ ആരോപിച്ചത്.