പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ചത്. ശിക്ഷയിൽ ഇളവ് തേടി പ്രതി സമർപ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി.ബി സുരേഷ്കുമാർ, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അപൂർവങ്ങളിൽ അത്യപൂർവവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2016 ഏപ്രിൽ 28-നായിരുന്നു നിയമവിദ്യാർത്ഥിനിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ജൂൺ 16-നാണ് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
സാക്ഷികളില്ലാത്ത കേസിൽ ഡി.എൻ.എ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. തുടർന്ന് മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുൾ ഇസ്ലാമിന് കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഈ വിധിക്കെതിരെ താൻ നിരപരാധിയാണെന്നും തെളിവുകൾ പോലീസ് കെട്ടിച്ചമച്ചതാണെന്നും യുവതിയെ മുൻപരിചയമില്ലെന്നുമായിരുന്നു വ്യക്തമാക്കി അമീറുൽ ഇസ്ലാം ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും ചെയ്തിരുന്നു.