എത്രയൊക്കെ വികസനം വന്നുവെന്ന് പറഞ്ഞാലും സാധാരണക്കാരുടെ അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാകില്ല. അതിനുള്ള തെളിവാണ് ഇന്നലെ കേരളത്തിൽ നടന്ന സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ ആദിവാസി യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വാഹനമില്ലാതെ വന്നതോടെ ഒരുകൂട്ടം പേർ തുണി മഞ്ചലിലേറ്റി ചുമന്ന് കൊണ്ടുപോയാണ് ചികിത്സ ലഭ്യമാക്കിയത്.
പാലക്കാട് ജില്ലയിലെ അഗളിയിലാണ് ആരുടെയും മനസിനെ അലിയിക്കുന്ന ഈ ദുരവസ്ഥ നടന്നത്. മേലേ ഭൂതയാറിലെ സതീഷനാണ് ഇന്നലെ വൈകിട്ടോടെ മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇയാൾ തളർന്നുവീഴുകയായിരുന്നു. വാഹന സൗകര്യമില്ലാത്തതിനാൽ ഉടൻ തന്നെ സമീപമുണ്ടായിരുന്നവർ ഊരിലെത്തിച്ച് തുണിമഞ്ചലുണ്ടാക്കി ഒന്നര കിലോമീറ്റർ ദൂരം ചുമന്ന് വാഹനസൗകര്യമുള്ള സ്ഥലം വരെ എത്തിക്കുകയായിരുന്നു.
തുടർന്ന് വാഹനത്തിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തിച്ച യുവാവിന്റെ നില ഇപ്പോൾ തൃപ്തികരമാണ്. ഈ ദാരുണ സംഭവം അധികംവൈകാതെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയുമായി. സാധാരണക്കാരുടെ ദുരവസ്ഥ അധികൃതർ കാണുന്നില്ലേ എന്നാണ് എല്ലാവരും ഒരുപോലെ ചോദിക്കുന്നത്.