ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയാണ് മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെയാണ് കുട്ടിയെ കിണറ്റിൽ വീണുകിടക്കുന്ന നിലയിൽ അമ്മ ജിഷ കാണുന്നത്.
കുട്ടിയെ കാണാതായതിനേത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. വെള്ളത്തിൽ മലർന്നു പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഉടൻ എരുമപ്പെട്ടി പൊലീസിനെ വിവരമറിയിച്ചതിനേത്തുടർന്ന് കുന്നംകുളത്തു നിന്ന് അഗ്നിരക്ഷാ സംഘമെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.
കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുള്ളിൽ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും മാത്രമാണ് സംഭവ ദിവസം രാത്രി വീട്ടിൽ ഉണ്ടായിരുന്നത്.