ചിങ്ങം പിറന്നതോടെ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ തുടങ്ങും. ഭക്ഷ്യക്കിറ്റ് പാക്കിങ് ഉടൻ പൂർത്തിയാക്കുമെന്ന് സപ്ലൈകോ അറിയിച്ചു. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് കിറ്റില്‍ നൽകുന്നത്. വെളിച്ചെണ്ണ പ്രത്യേകം വിതരണം ചെയ്യും. റേഷന്‍ കടകള്‍ വഴിയാണ് വിതരണം. ആദ്യം എ, എവൈ കാര്‍ഡുകാര്‍ക്ക് കിറ്റ് നൽകും. പിന്നീട് നീല, വെള്ള കാര്‍ഡുകാര്‍ക്ക് ലഭിക്കും. നിശ്ചയിച്ച തീയതിക്ക് വാങ്ങാന്‍ കഴിയാത്തവര്‍ അവസാന നാലുദിവസങ്ങളിൽ കിറ്റ് വാങ്ങിയാൽ മതിയാകും.
445 കോടിയാണ് കിറ്റിനായി ചിലവാകുന്ന തുകയായി കരുതപ്പെടുന്നത്. ഓഗസ്റ്റ് 27ന് ഓണം പ്രമാണിച്ച് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്.
ഈ വർഷം കിറ്റിൽ ഉൾപ്പെടുത്തിയ ശര്‍ക്കരവരട്ടി ചിപ്സ് എന്നിവ നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി 12 കോടി രൂപയുടെ ഓര്‍ഡർ കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു. നേന്ത്രക്കായ ചിപ്‌സും ശര്‍ക്കരവരട്ടിയും അടങ്ങിയ 42,63,341 പായ്ക്കറ്റുകളാണ് കരാര്‍ പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ തയാറാക്കിയത്. സംസ്ഥാനമൊട്ടാകെ വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിര്‍മ്മാണവും പാക്കിംഗും.
സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലും സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പച്ചക്കറിയും ലഭ്യമായിരിക്കും. ഓണം വിപണിയില്‍ സപ്ലൈക്കോയുടെ ഇടപെടൽ ഇക്കുറി സജീവമായിരിക്കുമെന്നും റേഷന്‍ വ്യാപാരികള്‍ കിറ്റ് വിതരണം സേവനമായി കാണണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.