നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച ശേഷം പരീക്ഷ എഴുതിച്ചതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിനെതിരെ ശൂരനാട് സ്വദേശിയാണ് റൂറൽ എസ്പിക്ക് പരാതി നൽകിയത്.
ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ ദേശീയ മെഡിക്കൽ യുജി പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയ വിദ്യാർഥിനിയ്ക്കാണ് ഈ അനുഭവം ഉണ്ടായത്. പ്രവേശന കേന്ദ്രത്തിൽ വസ്ത്രങ്ങൾ പരിശോധിക്കുകയും ശേഷം അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
വസ്ത്രത്തിൽ ലോഹവസ്തു ഉണ്ടെന്ന കാരണം പറഞ്ഞായിരുന്നു ഈ പരിശോധന. ഈ നടപടി വിദ്യാർഥിനികളെ മാനസികമായി തളർത്തിയെന്നും ഇവരുടെ വസ്ത്രങ്ങൾ സൂക്ഷിക്കാൻ രണ്ടു മുറി ഒരുക്കിയിരുന്നതായും ശൂരനാട് സ്വദേശിയായ രക്ഷിതാവ് റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ കൃത്യമായ മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് പരീക്ഷാകേന്ദ്രത്തിൽ നിന്നുള്ള വിശദീകരണം. ലോഹവസ്തുക്കൾ ഉള്ളതൊന്നും ശരീരത്തിൽ പാടില്ലെന്നാണ് ചട്ടമെന്ന് പരീക്ഷ നടത്തിപ്പുകാർ പറയുന്നു. ഇവർക്ക് വീഴ്ച ഉണ്ടായോയെന്നതിൽ പൊലീസ് അന്വേഷണം നടത്തിയാൽ മാത്രമേ വ്യക്തത വരൂ.