ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിൻ്റെയും നടപ്പന്തലിൻ്റെയും സമർപ്പണം ജൂലൈ ഏഴിന് രാവിലെ ഏഴ് മണിക്ക് നടക്കും. പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ വിഘ്നേശ് വിജയകുമാർ മേനോനാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി മുഖമണ്ഡപവും നടപ്പുരയും നിർമ്മിച്ച് നൽകിയത്.
കേരളീയ വാസ്തുശൈലിയിലാണ് പുതിയ ക്ഷേത്രപ്രവേശന കവാടം നിർമ്മിച്ചിരിക്കുന്നത്. മൂന്ന് താഴികക്കുടങ്ങളോട് കൂടിയ മുഖമണ്ഡപമാണ് നിർമ്മിച്ചത്. ചെമ്പിൽ വാർത്തെടുത്ത താഴികക്കുടങ്ങൾക്ക് അഞ്ചരയടിയാണ് ഉയരം. മുഖമണ്ഡപത്തിന് താഴെ തട്ടിൽ ആഞ്ഞിലിമരത്തിൽ അഷ്ടദിക് പാലകർ, ബ്രഹ്മാവ്, വ്യാളീരൂപങ്ങൾ എന്നിവയും രണ്ടാം നിലയുടെ മൂലയിൽ ഗജമുഷ്ടിയോടെയുള്ള വ്യാളീരൂപങ്ങളും കൊത്തിയിട്ടുണ്ട്.
മുഖമണ്ഡപത്തിൻ്റെ തൂണുകളിൽ ചതുർ ബാഹുരൂപത്തിലുള്ള ഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലകർ എന്നിവയും കൊത്തിയിട്ടുണ്ട്. കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജംഗ്ഷൻ വരെ നീളുന്നതാണ് നടപ്പന്തൽ. 20 തൂണുകളാണ് നടപ്പന്തലിനുള്ളത്. ഓരോ തൂണിലും സിമൻ്റിൽ ചെയ്ത ദശാവതാരങ്ങളും കൃഷ്ണശിൽപങ്ങളും ഉണ്ട്.