സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യക്കാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിച്ച് തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു. പുതിയ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ പുറത്തിറക്കിയേക്കും.
ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, ജെ. ചിഞ്ചുറാണി,എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൻമാർ, സിനിമ രംഗത്തെ പ്രമുഖർ എന്നിവർ ഇന്നലെ ആശുപത്രിയിൽ എത്തി എംടിയെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ മകളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഫോണിൽ സംസാരിച്ചു.