മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പുരാവസ്തുക്കൾ എന്ന വ്യാജേന പ്രദർശിപ്പിച്ച ശിൽപങ്ങൾ ഉടമസ്ഥന് തിരികെനൽകാൻ കോടതി ഉത്തരവ്. 900 സാധനങ്ങൾ ആണ് വിട്ടുനൽകേണ്ടത്. ശിൽപങ്ങളുടെ ഉടമയായ സന്തോഷിന്റെ ഹർജിയിൽ ആണ് എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
മോശയുടെ അംശവടി, നൈസാമിന്റെ വാൾ എന്നപേരിൽ സൂക്ഷിച്ച വസ്തുക്കളടക്കം വിട്ട് നൽകണം. 2 കോടി രൂപക്ക് തതുല്യമായ ബോണ്ട് കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു.
മോൻസൻ മാവുങ്കലിന്റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന റിപ്പോർട്ട് സംസ്ഥാന പുരാവസ്തു വകുപ്പ് നൽകിയിരുന്നു. അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്റെ സിംഹാസനവും ശിവന്റെ വെങ്കല വിഗ്രഹവുമൊന്നും പുരാവസ്തുവല്ലെന്ന് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.
അമൂല്യമെന്ന് അവകാശപ്പെട്ടതിനൊന്നും പത്ത് വർഷത്തെ പഴക്കം പോലുമില്ലെന്ന് പുരാവസ്തുവകുപ്പ് ക്രൈം ബ്രാഞ്ചിന് നൽകിയ 35 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. മോൺസൺ ആളുകളെ പറ്റിച്ചിരുന്ന വസ്തുക്കളുടെയെല്ലാം ചിത്രങ്ങൾ ഉൾപ്പടെ ചേർത്താണ് റിപ്പോർട്ട്.