ആലുവയിൽ നിന്ന് കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന് സമീപം മാലിന്യക്കൂമ്പാരത്തിനിടയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടതിനേത്തുടർന്ന് ചുമട്ടുതൊഴിലാളികളാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
വെള്ളിയാഴ്ച വൈകിട്ട് മൂന്നര മുതലാണ് കുട്ടിയെ കാണാതായത്. ഇവരുടെ വീടിന്റെ മുകള്‍ നിലയില്‍ താമസിച്ചിരുന്ന ബീഹാർ സ്വദേശിയായ അസ്ഫാക് ആലം എന്നയാള്‍ക്കൊപ്പം കുട്ടി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അസ്ഫാകിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം കുട്ടിയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.
സുഹൃത്തിന്റെ സഹായത്തോടെ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് കസ്റ്റഡിയിലുള്ള അഷ്ഫാഖിന്റെ മൊഴി. കുട്ടിക്ക് ജ്യൂസ് നൽകിയെന്നും സുഹൃത്താണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നും പ്രതി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഷ്ഫാഖിന്റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവയിലെ പാലത്തിനിടയിൽവെച്ചാണ് കുട്ടിയെ കൈമാറിയെന്നും പ്രതിയുടെ സുഹൃത്ത് സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ കൈമാറിയെന്ന് പറയുന്ന സ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നൽകി. സക്കീർ ഹുസൈൻ ആരാണെന്നും ഇയാൾ എവിടേക്കാണ് കുട്ടിയെ കൊണ്ടുപോയതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.