കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ തിരികെ സ്റ്റേജിലേയ്ക്ക് വരാൻ ഒരുങ്ങുന്നു. അപകടത്തിൽ തകർന്ന പല്ലുകൾ ശരിയാക്കി ആ പഴയ ചിരിയോടെയാണ് താരം തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടൻ സൈജു കുറുപ്പിനൊപ്പം നിൽക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രം മഹേഷ് ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കയ്പമംഗലത്തെ കാർ അപകടത്തിൽ കാറിലുണ്ടായിരുന്ന 3 പേരിൽ ഒരാളായ മഹേഷിന്റെ മുഖത്തും കയ്യിലും സാരമായി പരിക്കേറ്റിരുന്നു. കൂടാതെ അപകടത്തിൽ മഹേഷിന്റെ 7 പല്ലുകളും തകർന്നിരുന്നു. മൂക്കിലും മുഖത്തും ശസ്ത്രക്രിയകൾ ചെയ്യുകയും ഇരു കവിളുകളിലെയും അസ്ഥികൾ ചേരാൻ കമ്പികൾ ഇടുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ നഷ്ടപ്പെട്ട പല്ലുകൾ വീണ്ടെടുത്തിരിക്കുകയാണ് മഹേഷ്. കൂടാതെ ചികിത്സകൾ തുടരുന്ന താരം വൈകാതെ സ്റ്റേജിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മഹേഷ് തന്റെ കഠിന പ്രയത്നത്തിലൂടെയാണ് കലാ രംഗത്തേയ്ക്ക് ഉയർന്നു വന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ കുഞ്ഞുമോനും അമ്മ തങ്കമ്മയും സഹോദരൻ അജേഷും ഉൾപ്പെടുന്ന കുടുംബത്തിന്റെ അത്താണി ആയിരുന്നു മഹേഷ്. 7 സെന്റിലെ പണി തീരാത്ത ചെറിയ വീടാണ് ഇവർക്കുള്ള ഏക സമ്പാദ്യം. മഹേഷിന്റെ ചികിത്സയ്ക്കുള്ള എല്ലാ സഹായവും കെ.ബി. ഗണേഷ്കുമാർ എംഎൽഎ ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.
ജൂൺ 5ന് വടകരയിലായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ഒരു പരിപാടി കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങവെ കൊല്ലം സുധി, ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സുധി മരണപ്പെടുകയും ചെയ്തിരുന്നു.